Politics
വയനാട്ടിലെ തന്റെ സ്ഥാനാർത്ഥിത്വം ശരിയായില്ലെന്ന് ആനി രാജ; കാനത്തിന് പകരം സിപിഐ കേന്ദ്രസെക്രട്ടേറിയറ്റില്‍
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാർത്ഥിത്വം ശരിയായില്ലെന്ന് ആനി രാജ. മത്സരിച്ചത് തന്റെ തീരുമാനമായിരുന്നില്ല.
പാർട്ടി കേരള ഘടകത്തിന്റെ ആവശ്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ആനി രാജ പറഞ്ഞു. വയനാട്ടിൽ രാഹുലിനെതിരെ ആനി മത്സരിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തിൽ ഉയർന്നപ്പോഴായിരുന്നു ആനി രാജയുടെ അഭിപ്രായപ്രകടനം.
കോൺഗ്രസിന്റെ പ്രധാന നേതാവായ രാഹുൽഗാന്ധിക്കെതിരേ സിപിഐയുടെ ദേശീയ മുഖമായ ആനി രാജ മത്സരിച്ചത് ഇന്ത്യസഖ്യത്തെ പരിഹസിക്കാൻ ബിജെപി ആയുധമാക്കിയെന്നും ഇതിന് അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മത്സരംകൊണ്ട് സിപിഐക്കോ ആനി രാജയ്ക്കോ നേട്ടമുണ്ടായിട്ടില്ല. രാഹുലിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെന്നത് വസ്തുതയാണ്. ആനി രാജയുടെ സാന്നിധ്യംകൊണ്ട് സിപിഐക്ക് മണ്ഡലത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെന്നും വിമർശനം ഉയർന്നു.