Kerala
ചിലര്‍ക്ക് വേണ്ടിയല്ല സിപിഐ എന്ന് ഇസ്മയില്‍; പിന്തുണച്ചത് പാലക്കാട് വിമതരെ; നേതൃത്വത്തില്‍ ഞെട്ടല്‍
സിപിഎമ്മിനെക്കാള്‍ വിഭാഗീയത രൂക്ഷം സിപിഐയിലാണ്. മുന്‍പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ തുടങ്ങിവെച്ച വെട്ടിനിരത്തലിന് നിരവധി നേതാക്കളാണ് ഇരയായത്. ഇതുകൊണ്ട് തന്നെ വിമതപക്ഷം സിപിഐയില്‍ ശക്തമാണ്. ഈ വിഭാഗീയത ഇപ്പോള്‍ താഴെതട്ടിലേക്കും എത്തുകയാണ്. മലപ്പുറത്ത് ഒരു വലിയ വിഭാഗം സിപിഐയില്‍ നിന്നും അടര്‍ന്നുമാറിയിട്ടുണ്ട്. ഇതേ പ്രശ്നം പാലക്കാടുമുണ്ട്.
സംഘടന വിരുദ്ധ പ്രവ൪ത്തനം നടത്തിയെന്ന് ആരോപിച്ച് പാ൪ട്ടി കമ്മിഷൻ പാലക്കാട് ഒരു വിഭാഗത്തെ പുറത്താക്കിയിരുന്നു. ഇവര്‍ സേവ് സിപിഐ ഫോറം രൂപീകരിച്ച് രംഗത്തുണ്ട്. ഇവരെ പിന്തുണച്ച് സിപിഐയുടെ മുതിര്‍ന്ന കെ.ഇ.ഇസ്മയില്‍ രംഗത്തുവന്നതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. വിമര്‍ശിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കുകയാണ് എന്നാണ് ഇസ്മയില്‍ പറഞ്ഞത്.
“പുറത്താക്കിയവരുടെ നിലപാട് ശരിയാണ്. ഇത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണം. സിപിഐ ചിലരുടെ താത്പര്യത്തിന് വേണ്ടിയല്ല രൂപീകരിച്ചത്.” – ഔദ്യോഗിക പക്ഷത്തിനെതിരെ ആഞ്ഞടിച്ച് ഇസ്മയില്‍ പറഞ്ഞു. ഇതോടെ വെട്ടിലായത് ജില്ലാ നേതൃത്വമാണ്. അവര്‍ക്ക് മിണ്ടാന്‍ കഴിയാത്ത അവസ്ഥയിലായി. ഇസ്മയിലിന്റെ പിന്തുണ ലഭിച്ച ആവേശത്തിലാണ് വിമതപക്ഷം. ഇവര്‍ സേവ് സിപിഐ ഫോറം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്.