പാലക്കാട്: ഗോമൂത്രത്തിൽ നിന്നും വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിലാണ് ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഗോമൂത്രത്തിലെ പരീക്ഷണം വിജയകരമായതോടെ മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് ഗവേഷകർ.
ഐ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നിൽ. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാർഥി വി. സംഗീത, റിസർച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.
രണ്ടുവർഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദിൽ നടന്ന ഇൻവെന്റീവ് മേളയിൽ ഇവരുടെ പ്രോജക്ട് ശ്രദ്ധ നേടിയിരുന്നു. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കൾക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ഗവേഷണം നടക്കുന്നത്.