India
ഫ്രെഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിച്ചില്ല; ഭർത്താവിനെതിരായ കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി
ബംഗളൂരു: ഫ്രെഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ ഭാര്യ നൽകിയ കേസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് വിധി. യുവാവിനെതിരെ പരാതി നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണെന്നും അന്വേഷണത്തിന് ഉത്തരവിടുന്നത് നിയമത്തിന്റെ ദുരുപയോഗമായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവിനെ ജോലിക്കായി യു.എസിലേക്ക് പോകാനും കോടതി അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന ഉറപ്പിന്മേലാണ് തീരുമാനം.
അഭിഭാഷകനായ ശാന്തിഭൂഷൺ എച്ച് മുഖേന സമർപ്പിച്ച ഹർജിയിൽ തനിക്കെതിരെ ഭാര്യ നൽകിയ പരാതി നിസാരമാണെന്നും സ്റ്റേ നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. മാതാപിതാക്കൾക്കെതിരായ അന്വേഷണം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഭാര്യ നൽകിയ പരാതിയെത്തുടർന്ന് യുഎസിലേക്ക് ജോലിക്കായി പോകാൻ സാധിക്കുന്നില്ലെന്നും യുവാവ് ഹരജിയിൽ പറയുന്നു,
ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 498 എ വകുപ്പ് പ്രകാരമാണ് യുവതി പരാതി നൽകിയത്. കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ഫ്രഞ്ച് ഫ്രൈസും ചോറും മാംസവും കഴിക്കാൻ ഭർത്താവ് അനുവദിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം.