അഹമ്മദാബാദ്: അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന വ്യാജ കോടതിക്ക് പൂട്ട് വീണു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. യഥാര്‍ത്ഥ കോടതിയുടേതെന്ന് തോന്നിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിരുന്നത്. ജഡ്ജിയും ഗുമസ്തന്മാരും പരിചാരകരുമെല്ലാം ഈ വ്യാജ കോടതിയില്‍ ഉണ്ടായിരുന്നു എന്നതാണ് രസകരം.
ഭൂമി തര്‍ക്ക കേസുകളായിരുന്നു ഇവിടെ പരിഗണിച്ചിരുന്നത്. സംഭവത്തില്‍ മോറിസ് സാമുവല്‍ ക്രിസ്റ്റിയന്‍ എന്നയാളെ കരഞ്ജ് പൊലീസ് അറസ്റ്റ് ചെയ്തു.
മോറിസ് സാമുവലായിരുന്നു വ്യാജ ട്രിബ്യൂണലിലെ ന്യായാധിപന്‍. ഇയാളുടെ ഗാന്ധിനഗറിലെ ഓഫീസാണ് കോടതിയാക്കി മാറ്റിയത്. സാധാരണ കോടതിയില്‍ കണ്ട് വരുന്ന ഗുമസ്തര്‍, പരിചാരകര്‍ എന്നിവര്‍ക്ക് സമാനമായി ഉദ്യോഗസ്ഥരെ വ്യാജ കോടതിയില്‍ അണിനിരത്തിയിരുന്നു. നഗരത്തിലെ സിവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടന്നിരുന്ന ഭൂമിതര്‍ക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്ന വ്യാജേനയാണ് സംഘം കക്ഷികളെ ബന്ധപ്പെടുക. ഇവരുടെ കേസ് ട്രിബ്യൂണലില്‍ പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കും. ശേഷം കക്ഷികള്‍ക്ക് അനുകൂലമായ വിധത്തില്‍ കേസുകള്‍ പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറക്കും