ചാലക്കുടി: അനുമതി വാങ്ങാതെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉൾപ്പെടുത്തിയതിന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള സിനിമയുടെ പ്രവർത്തകർ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

ചാലക്കുടി മുൻസിഫ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാടുകുറ്റി വട്ടോളി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസിനാണ് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 1.68 ലക്ഷം രൂപ നൽകേണ്ടത്.
ആൻറണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഒപ്പം’. ഈ സിനിമയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ അനുമതിയില്ലാതെ ഉൾപ്പെടുത്തിയത്. സിനിമയുടെ 29ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ ഉപയോഗിച്ചത്. ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് കാണിച്ച് കൊരട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. 2017ൽ ചാലക്കുടി കോടതിയിൽ പരാതി നൽകി.

