കൊച്ചി: എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയില്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹര്‍ജി നല്‍കി. സിഎംആര്‍എല്ലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനം എടുത്തതെന്നാണ് ഹര്‍ജിയിലെ വാദം.

സിഎംആര്‍എല്‍ – എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് വിചാരണ കോടതി സ്വീകരിച്ചത്. കേസിലെ പതിനൊന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മകളുമായ വീണ തൈക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി സമന്‍സ് അയക്കാനിരിക്കുകയാണ്. ഇതിനായി കേസ് വിചാരണക്കോടതി ഉടന്‍ പരിഗണിക്കും. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് കേസില്‍ 13 പ്രതികളുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാംപ്രതി. കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്ഐഒ ചുമത്തിയത്.

