Kerala
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് പിഴയീടാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രധാന പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് സുപ്രിംകോടതി നോട്ടീസയച്ചു. ആഗസ്റ്റ് 27ന് മുമ്പ് പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കേസിൽ പൾസർ സുനി മാത്രമാണ് ഇപ്പോൾ ജയിലിൽ കഴിയുന്നതെന്ന് പ്രതിയുടെ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നടൻ ദിലീപ് ഉൾപ്പെടെയുള്ള മറ്റു പ്രതികൾ പുറത്താണ്. 2017 മുതൽ ഒരിക്കൽ പോലും സുനിക്ക് ജാമ്യം അനുവദിച്ചിട്ടില്ല. ഇത് എന്ത് സമീപനമാണെന്ന് അഭിഭാഷകർ കോടതിയിൽ ചോദിച്ചു. ഈ ചോദ്യം ഹൈക്കോടതിയോട് ആവർത്തിച്ച സുപ്രീംകോടതി നിരന്തരമായി ജാമ്യാപേക്ഷ സമർപ്പിച്ചെന്ന കുറ്റത്തിന് ചുമത്തിയ പിഴ സ്റ്റേ ചെയ്തു. കേസ് 27ന് വീണ്ടും പരിഗണിക്കും.
തൻ്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ജാമ്യാപേക്ഷ സമർപ്പിച്ചതിന് നേരത്തെ 25000 രൂപ ഹൈക്കോടതി പള്‍സര്‍ സുനിക്ക് പിഴ ചുമത്തിയിരുന്നു. നിരന്തരം കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ആളുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നെടുമ്പാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.