സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം നടത്താന്‍ റോഡ് അടച്ച് സ്റ്റേജ് കെട്ടിയ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകളെ ലംഘിച്ച് റോഡ് അടച്ചത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇങ്ങനെ ചെയ്യാന്‍ ആരാണ് അനുമതി നല്‍കിയത്. പൊതുസമ്മേളനത്തില്‍ അടക്കം ആരൊക്കെ പങ്കെടുത്തു. യോഗത്തിന് എവിടെ നിന്നാണ് വൈദ്യുതി ലഭിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരിവിട്ടു.
റോഡ് അടച്ച് യോഗം നടത്തിയതില്‍ കേസ് എടുത്തോയെന്ന് കോടതി പോലീസിനോടും ചോദിച്ചു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഡിസംബര്‍ അഞ്ചിന് നടന്ന് പൊതുസമ്മേളനത്തിനായി വഞ്ചിയൂര്‍ കോടതിക്ക് മുന്നിലെ റോഡ് അടച്ചുകെട്ടിയതിനെതിരെ അഭിഭാഷകനായ എന്‍.പ്രകാശാണ് കോടതിയെ സമീപിച്ചത്.