Kerala

തൃശ്ശൂരിലെ കോണ്‍ഗ്രസ് പരാജയം; അന്വേഷണ കമ്മീഷനെ പരിഹസിച്ച് കെ മുരളീധരൻ

Posted on

തൃശ്ശൂർ: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയം അന്വേഷിച്ച കമ്മീഷനെ പരിഹസിച്ച് കെ മുരളീധരൻ. എല്ലാ ഇലക്ഷൻ കഴിഞ്ഞാലും ഞങ്ങൾ കമ്മീഷനെ വയ്ക്കാറുണ്ട്. അതിൻറെ ഭാഗമായി ഒരു കമ്മീഷനെ വെച്ചു അത്രയേ ഉള്ളൂ എന്നായിരുന്നു കെ മുരളീധരൻ്റെ പരിഹാസം.

തൃശ്ശൂർ ഡിസിസി പ്രസിഡൻറ് ഉണ്ടായിട്ടും വലിയ പ്രയോജനം ഉണ്ടായിട്ടില്ലല്ലോ എന്നും മുരളീധരൻ പരിഹസിച്ചു. അതുകൊണ്ട് കുറച്ചു കഴിയട്ടെ. എല്ലാം ഉണ്ടായിട്ടും മുക്കാൽ ലക്ഷത്തിന്റെ കുറവ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായി. പ്രസിഡൻറ് ഇല്ലാതെ രണ്ടുമൂന്നു ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. ഒരു കുഴപ്പവും ഉണ്ടായില്ല. ഡിസിസി പ്രസിഡൻറ് ഇല്ലെങ്കിലും കാര്യങ്ങളൊക്കെ നടന്നുപോകും. ഡിസിസി പ്രസിഡണ്ടിനെ ഉടനെ തീരുമാനിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു പോകും എന്ന അഭിപ്രായമൊന്നും ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി.

എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി പരിപാടിയിൽ രമേശ് ചെന്നിത്തല പങ്കെടുത്തതിലും കെ മുരളീധരൻ പ്രതികരിച്ചു. എൻഎസ്എസ് എല്ലാവർഷവും വിശിഷ്ടാതിഥികളെ പരിപാടിയിൽ പങ്കെടുപ്പിക്കാറുണ്ട്. കൂടുതലും കോൺഗ്രസ് നേതാക്കളെയാണ് പങ്കെടുപ്പിക്കാറ്. അതിൻ്റെ ഭാഗമായി ഇത്തവണ രമേശ് ചെന്നിത്തല വന്നുവെന്നേയുള്ളു എന്നായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം. ഒരാളെ തഴഞ്ഞുകൊണ്ട് പുതിയ ആളെ വിളിച്ചിട്ടൊന്നും ഇല്ലായെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version