Kerala
കോട്ടയത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടനക്കെതിരെ പരാതി പ്രവാഹം
കോട്ടയത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടനക്കെതിരെ പരാതി പ്രവാഹം. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ ഉൾപ്പെടെയാണ് പാർട്ടി നേതൃത്വത്തെ പരാതി അറിയിച്ചിരിക്കുന്നത്. കൂടിയാലോചനകൾ ഇല്ലാതെ ചിലർ തീരുമാനമെടുത്തെന്നാണ് പരാതി.
ഉമ്മൻ ചാണ്ടിയുടെ കാലശേഷം ജില്ലയിലെ എ ഗ്രൂപ്പുകാർ പലവഴിക്കായിരുന്നു. ഇതിന് പിന്നാലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പുനസംഘടിപ്പിച്ചെങ്കിലും തർക്കങ്ങൾ തുടരുകയാണ്. നേതാകൾ ചേരിതിരിഞ്ഞ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് തർക്കങ്ങൾക്ക് കാരണം.
പുനഃസംഘടനയിൽ നേതൃത്വത്തിലുള്ളവർ ഏകപക്ഷീയമായ നിലപാട് എടുത്തെന്നാണ് പ്രധാന പരാതി. ബ്ലോക്ക് കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോൾ പ്രദേശത്ത് നിന്നുള്ള ജില്ലാ നേതാക്കളോട് ആലോചിച്ചിട്ടില്ല. ഇതിനെതിരെയാണ് ചില ഡിസിസി ഭാരവാഹികൾ കെപിസിസി പ്രസിഡന്‍റിന് പരാതി നൽകിയത്. ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികളും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു.