Kerala

കെ. കരുണാകരനെ അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്ന് ചെറിയാൻ ഫിലിപ്പ്

 

കെ. കരുണാകരനെ അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കെ കരുണാകരന്റെ 14-ാം ചരമ വാര്‍ഷിക ദിനത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം. കേരളത്തില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കാന്‍ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി പദത്തില്‍ നിന്നും അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

 

കുറിപ്പിങ്ങനെ

കെ.കരുണാകരനെ അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പു നൽകില്ല: ചെറിയാൻ ഫിലിപ്പ്. കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുക്കാൻ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി പദത്തിൽ നിന്നും അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പു നൽകില്ല. കരുണാകരന്റെ ചരമവാർഷികം ആചരിക്കുമ്പോഴെങ്കിലും അദ്ദേഹത്തെ വേട്ടയാടിയവർ പശ്ചാത്തപിക്കേണ്ടതാണ്. രാജൻ കേസിൽ കരുണാകരനെ കൊലയാളിയായും, ചാരവൃത്തിക്കേസിൽ രാജ്യദ്രോഹിയായും ചിത്രീകരിച്ചവർ മഹാപാപികളാണ്.

ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് കരുണാകരനെ പലപ്പോഴും സ്വന്തം പാർട്ടിക്കാർ പോലും ശിക്ഷിച്ചത്. ആരെയും തള്ളിപ്പറയാതെ അദ്ദേഹം എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. തന്നെ ക്രൂരമായി വിമർശിച്ച രാഷ്ട്രീയ നേതാക്കളോടും മാധ്യമങ്ങളോടും കരുണാകരൻ ഒരിക്കലും അസഹിഷ്ണത കാട്ടിയിട്ടില്ല.

തട്ടിൽ എസ്റ്റേറ്റ് മാനേജറുടെ വധ കേസ്, അഴീക്കോടൻ രാഘവൻ വധ വിവാദം, രാജൻ വധ കേസ്, പാമോലിൻ അഴിമതി കേസ്, ഐ.എസ്.ആർ.ഒ ചാരവൃത്തി കേസ് എന്നിവയിലെല്ലാം ആരോപണ വിധേയനായ കരുണാകരൻ തന്റെ നിരപരാധിത്വം എന്നോട് മരണത്തിന് മുമ്പ് ദീർഘമായി വിശദീകരിച്ചിരുന്നു. വിശദമായ അന്വേഷണത്തിലൂടെ പിന്നീട് ഞാൻ കണ്ടെത്തിയ നിഗമനങ്ങൾ മുക്കാൽ ഭാഗവും എഴുതി പൂർത്തിയാക്കിയ ‘ചരിത്രത്തിനൊപ്പം ‘ എന്ന എന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 125 അദ്ധ്യായങ്ങളുള്ള ചരിത്രപരമായ അനുഭവ സാക്ഷ്യമായ ഈ പുസ്തകം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശേഷം അന്നത്തെ കേരള മുഖ്യമന്ത്രി പ്രകാശനം ചെയ്യും. 1982-ൽ പ്രസിദ്ധീകരിച്ച ഇപ്പോഴും വിപണിയിലുള്ള ‘കാൽ നൂറ്റാണ്ട്’ എന്ന കേരള ചരിത്ര ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായിരിക്കും ഇത്. കെ.കരുണാകരന്റെ പാവനസ്മരണയ്ക്കു മുമ്പിൽ 14ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top