India
കോൺഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫണ്ട് മുഴുവനും മുസ്ലീങ്ങള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന് കാണിക്കുന്ന ബിജെപിയുടെ ആനിമേറ്റഡ് വീഡിയോ നീക്കാൻ എക്സ് പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ പൊലീസ് കേസെടുത്ത് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും വീഡിയോ എത്രയും പെട്ടെന്നു നീക്കം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. വീഡിയോ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
ഒരു കുട്ടയില്‍ വെച്ചിരിക്കുന്ന മുട്ടയുടെ രൂപത്തിലാണ് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ചിത്രീകരിക്കുന്നത്. ഇതില്‍ മുസ്ലീം എന്ന മുട്ട കൂടി വെക്കുകയും തുടര്‍ന്ന് മുട്ട വിരിഞ്ഞ് പക്ഷിയാകുമ്പോള്‍ ഭക്ഷണം കൊടുക്കുന്നത് മുസ്ലീം കുഞ്ഞിന് മാത്രമാണെന്നുമാണ് വീഡിയോയുടെ സാരാംശം.
മുട്ടകള്‍ വിരിയുമ്പോള്‍ മുസ്ലീം കുഞ്ഞായ പക്ഷിക്ക് മാത്രം (ഭക്ഷണം) ഫണ്ട് നല്‍കുന്നതായാണ് ചിത്രീകരണം. രാഹുല്‍ ഗാന്ധിയുടെ രൂപമുള്ള കഥാപാത്രമാണ് ഫണ്ട് നല്‍കുന്നത്. കൂടാതെ കൊട്ടയിലുള്ള മറ്റു കുഞ്ഞുങ്ങളെ പുറത്താക്കുകയും ചെയ്യുന്നുണ്ട്. രാഹുലിന് സമീപം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വീഡിയോയില്‍ കാണാം. സൂക്ഷിക്കുക, സൂക്ഷിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.