ലൈംഗികാതിക്രമ പരാതിയിൽ കൊച്ചിയിലെ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. വനിതാ ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയിലാണ് രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കെ പി സി സി നടപടിയെടുത്തത്. കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സൈജൻ്റ് ചാക്കൊ, ഡിസിസി എക്സിക്യുട്ടിവ് അംഗം എബി എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി.
ഇരുവരെയും സംഘടനാ ചുമതലകളിൽ നിന്ന് നീക്കി. ഡി സി സിക്ക് പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വനിതാ നേതാവ് കെ പി സി സിക്ക് പരാതി നൽകിയിരുന്നു. കെ പി സി സി നിയോഗിച്ച രണ്ടംഗ കമ്മീഷൻ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
അതേസമയം, ജാതി അധിക്ഷേപം നടത്തിയതിൽ കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് വൈസ് ശ്രീകണ്ഠനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ജാതി അധിക്ഷേപം നടത്തിയതാണ് കേസ്. വൈസ് പ്രസിഡന്റ് ജാതി പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധുവിൻ്റെ പരാതിയിലാണ് പൊലിസ് നടപടി.