Kerala
ഡിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തി; രാജിവച്ച് വയനാട് യുഡിഎഫ് കണ്‍വീനര്‍
കല്‍പ്പറ്റ: വയനാട് യുഡിഎഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍ രാജിവച്ചു. ഡിസിസി പ്രസിഡന്റ് എല്ലാ പരിപാടികള്‍ക്കും വിലങ്ങുതടിയായി നില്‍ക്കുന്നുവെന്നാരോപിച്ചാണ് രാജി. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് വിശ്വനാഥന്റെ രാജി.യുഡിഎഫ് മെമ്പര്‍മാരെ പോലും ഫോണില്‍ വിളിക്കാന്‍ അനുവാദമില്ല. ഡിസിസി പ്രസിഡന്റ് ഉപചാപക സംഘവുമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജിക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.
ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനമാണ്. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തിയാണ് പുനഃസംഘടന നടത്തുന്നത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ ഒഴിവാക്കി പഴയ ഡിഐസിക്കാരെയും എ വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗത്തെയും ചേര്‍ത്തുപിടിച്ചാണ് ജില്ലയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം. സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകുമെന്നും വിശ്വനാഥന്‍ കുറിപ്പില്‍ പറയുന്നു.
വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകനത്തിന് എഐസിസി ഭാരവാഹികളായ കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ ബുധനാഴ്ച വയനാട്ടില്‍ എത്താനിരിക്കെയാണ് വിശ്വനാഥന്റെ രാജി. നേരത്തെ ഡിസിസി പ്രസിഡന്റും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും തമ്മില്‍ ചീത്ത വിളിക്കുന്ന ഫോണ്‍ സംഭാഷണമുള്‍പ്പെടെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും മറ്റ് മുതിര്‍ന്ന നേതാക്കളും എത്തിയാണ് പ്രശ്‌നം ഒതുക്കിതീര്‍ത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടമുന്‍പായിരുന്നു ഇത്.