നിക്ഷേപത്തട്ടിപ്പ് കേസിൽ പത്മശ്രീ സുന്ദർ മേനോൻ്റെ കൂട്ടാളിയായ കെപിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസനെ പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്തു. ഗുരുതരമായ സാമ്പത്തിക ആരോപണവും അറസ്റ്റും പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
മുൻകൂർ ജാമ്യപേക്ഷ നൽകി ഒളിവിലായിരുന്ന ശ്രീനിവാസനെ കഴിഞ്ഞ ദിവസം തൃശൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴി പത്മശ്രീ സുന്ദർ മേനോൻ നടത്തിയ തട്ടിപ്പുകളിലെ പങ്കാളിയാണ് പുറത്താക്കിയ കോൺഗ്രസ് നേതാവ്. ശ്രീനിവാസനായിരുന്നു കമ്പനിയുടെ എംഡി. സ്ഥാപനങ്ങൾക്ക് എതിരെ ആദ്യം ഉയര്‍ന്ന പരാതികള്‍ ശ്രീനിവാസൻ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ് പരിഹരിച്ചത്. എന്നാല്‍ പരാതി മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയതോടെയാണ് അന്വേഷണം കടുത്തതും കോൺഗ്രസ് നേതാവും സുന്ദർ മേനോനും കുടുങ്ങിയതും.
തൃശൂർ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത 18 കേസുകളിലായി 30 കോടി രൂപയാണ് ശ്രീനിവാസനും പത്മശ്രീ സുന്ദർ മേനോനും ചേർന്ന് തട്ടിയെടുത്തത്. ജമ്മു ആസ്ഥാനമായാണ് സുന്ദര്‍ മേനോന്‍ ഹീവാന്‍ എന്ന തട്ടിപ്പ് കമ്പനി തുടങ്ങിയത്. എന്നാല്‍ ജമ്മുവില്‍ ഇങ്ങനെ ഒരു ഓഫീസ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രേഖകളില്‍ മാത്രം കമ്പനി ആരംഭിച്ച് കേരളത്തില്‍ വിവിധ ശാഖകള്‍ തുടങ്ങിയാണ് തട്ടിപ്പ് ആസൂത്രണം ചെയതത്.