Politics

കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതമാണെന്നതിന്റെ സൂചനകള്‍ പുറത്തു; റിപ്പോർട്ട്‌

Posted on

പുറമേ ശാന്തമെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതമാണെന്നതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങി. കോണ്‍ഗ്രസില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പതിവാണെങ്കിലും ഇപ്പോഴത്തെ നേതൃത്വം അതിനെ ശക്തമായി നേരിടുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തുടങ്ങി ഇപ്പോള്‍ പല കോണുകളില്‍ നിന്നും വിമത ശബ്ദങ്ങള്‍ ശക്തമാവുകയാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ മിന്നും വിജയങ്ങള്‍ക്ക് പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ ഒരു പടപുറപ്പാട് തുടങ്ങിയിരുന്നു. അത് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും കെ സുധാകരനെ നീക്കാനുളള ശ്രമങ്ങളിലായിരുന്നു. കണ്ണൂരില്‍ മത്സരിച്ചതിനെ തുടര്‍ന്ന് താല്ക്കാലികമായി എംഎം ഹസനെ ഏല്‍പ്പിച്ച കെപിസിസി പ്രസിഡന്റിന്റെ കസേര മടക്കി കിട്ടാന്‍ സുധാകരന്‍ കുറച്ചൊന്നുമല്ല വിയര്‍ക്കേണ്ടി വന്നത്. ഹൈക്കമാന്‍ഡില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് സുധാകരന്‍ സ്ഥാനം തിരികെ വാങ്ങിയത്. എന്നിട്ട് സ്വന്തം നിലയ്ക്ക് വീണ്ടും ചുമതല ഏല്‍ക്കുകയും ചെയ്തു. അന്ന് മുതല്‍ സുധാകരനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള നീക്കങ്ങളിലായിരുന്നു സുധാകരന്‍ വിരുദ്ധ ചേരി.

ഇതിനിടയില്‍ കെപിസിസി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനേയും ലക്ഷ്യമിട്ട് ഒരു സംഘം രംഗത്തെത്തിയിരുന്നു. സതീശന്‍ പങ്കെടുക്കാത്ത യോഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കടുത്ത വിമര്‍ശനം ഉയര്‍ത്തി. കൂടാതെ ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തു. ഇതില്‍ സതീശന്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. ഇതിനിടെ പല ഘട്ടങ്ങളിലായി സതീശനും സുധാകരനും തമ്മിലുളള അസ്വസ്ഥതകള്‍ വ്യക്തമാക്കുന്ന സംഭവങ്ങളുമുണ്ടായി. തൃശൂരിലെ തോല്‍വിയോടെ കെ മുരളീധരനും തരം കിട്ടുന്നിടത്ത് നേതൃത്വത്തെ ലക്ഷ്യമിടുന്ന രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുനസംഘടന ചര്‍ച്ച തുടങ്ങിയത് മുതല്‍ തന്നെ കെ സുധാകരനെ ലക്ഷ്യമിട്ട് ഒരു സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അതിന് മുന്നോട്ട് വയ്ക്കുന്നത് സുധാകരന്റെ പ്രയാധിക്യവും ആനാരോഗ്യവുമാണ്. ചെറുപ്പക്കാരന്‍ നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യവുമാണ്. ഇതിനെ നേരിടാന്‍ സുധാകരനും രംഗത്ത് തന്നെയുണ്ട്. ഇതിനെല്ലാം പുറമേയാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ ഉയര്‍ത്തുന്ന വിമത ശബ്ദം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version