Kerala
കോൺഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത് തൃശ്ശൂരിൽ നിന്നും
ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത് തൃശ്ശൂരിൽ നിന്നും. കേരളത്തിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷവെക്കുന്ന മണ്ഡലം എന്ന നിലയിൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. തങ്ങളുടെ സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്നത് അഭിമാന പ്രശ്നമായാണ് കോൺഗ്രസ് കാണുന്നത്. ഇതോടെയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം തൃശ്ശൂരിൽ നിന്നുതന്നെ തുടങ്ങാൻ കോൺഗ്രസ് തീരുമാനിച്ചത്.
പാർട്ടിയുടെ കാൽ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി തൃശൂരിൽ ഈ മാസം വൻ സമ്മേളനമാണ് എഐസിസി പ്ലാൻ ചെയ്യുന്നത്. ഖാർഗെയാണ് ഉദ്ഘാടകൻ. സംസ്ഥാനത്തെ മുഴുവൻ ബൂത്ത് പ്രസിഡന്റുമാരെയും തൃശൂരിൽ അണിനിരത്തിക്കൊണ്ടുള്ള ശക്തിപ്രകടനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഏതാണ്ട് കാൽ ലക്ഷത്തോളം ബൂത്ത് പ്രസിഡന്റുമാരാണ് പാർട്ടിക്ക് ഉള്ളത്. ചികിത്സ കഴിഞ്ഞ് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ തിരിച്ചെത്തിയാൽ ഉടൻ സമ്മേളനത്തിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കേരളത്തിൽ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം തൃശൂർ ആണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് തൃശൂരിൽ ബി.ജെ.പി. മഹാസമ്മേളനം നടത്തിയത് ഈ ലക്ഷ്യത്തോടെയാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് തൃശൂരിൽനിന്ന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.