വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് രംഗത്ത്. ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ വളരെ വേഗത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് എക്സ് പോസ്റ്റിലൂടെ ഈ കാര്യം വ്യക്തമാക്കിയത്. “ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ മോദി സർക്കാരിൻ്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ ആത്മവിശ്വാസത്തോടെ ചെറുത്തുനിൽക്കും”, ജയറാം രമേശ് പറഞ്ഞു.
‘ 2019 ലെ സിഎഎയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതിയിലാണ്. 2005 ലെ ആര്‍ടിഐ നിയമത്തിലെ 2019 ലെ ഭേദഗതികള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയില്‍ കേള്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ (2024) ഭേദഗതികളുടെ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതിയിലാണ്. 1991 ലെ ആരാധനാലയ നിയമത്തിന്റെ അക്ഷരവും ആത്മാവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഹര്‍ജിയുമുണ്ട്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

