Kerala
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്; ഷോണ്‍ ജോര്‍ജ്ജിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നാണ് ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന്റെ ആവശ്യം. ഇത് സംബന്ധിച്ച ഉപഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. വീണാ വിജയനെ രക്ഷിക്കാനാണ് ആര്‍ഒസി റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നതെന്നാണ് ഉപഹര്‍ജിയിലെ ആക്ഷേപം.
മൂന്നംഗ ആര്‍ഒസി അന്വേഷണം നിയമപരമല്ല. കമ്പനി നിയമത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നടപടി അന്വേഷണത്തിന്റെ ഗൗരവം കുറയ്ക്കും. അതിനാല്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് തന്നെ സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട് അന്വേഷിക്കണം. എസ്എഫ്ഐഒ അന്വേഷിച്ചാല്‍ സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമെന്നുമാണ് ഉപഹര്‍ജിയിലെ വാദം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.