തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തള്ളിയത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ഏതൊരു ഹര്‍ജി നല്‍കുന്നതും തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം എന്ന കാര്യം അഭിഭാഷകനായ മാത്യു കുഴല്‍നാടന് അറിയാതിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എന്നിട്ടും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഹര്‍ജി നല്‍കാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറാകുകയായിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

