തിരുവനന്തപുരം: അബുദാബിയിലെ കൊമ്മേഴ്സ്യൽ ബാങ്കിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ അക്കൗണ്ടിൽ പണം എത്തിയെന്ന് ആവര്‍ത്തിച്ച് ഷോൺ ജോര്‍ജ്ജ്. തൻ്റെ വാദങ്ങൾ തള്ളി സിപിഎം നേതാക്കളാണ് രംഗത്ത് വന്നതെന്നും മുഖ്യമന്ത്രിയും മകളും ഇതുവരെ ഇക്കാര്യം നിഷേധിച്ചില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
താൻ ആരോപണം 101 ശതമാനം ഉറപ്പിച്ച് തന്നെ പറയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ ടിയും മുൻ ഭര്‍ത്താവ് സുനീഷ് എമ്മും സിഗ്നേറ്ററികളായ അബുദാബിയിലെ കൊമേഴ്സ്യൽ ബാങ്കിലെ അക്കൗണ്ടിലേക്ക് ലാവ്ലിൻ, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് രൂപയെത്തിയിട്ടുണ്ട്. ആ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു. എക്സാലോജിക് കൺസൾട്ടൻസി കമ്പനിയുമായി വീണക്ക് ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. വീണക്കും മുൻ ഭര്‍ത്താവും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ട് അബുദാബു കൊമ്മേഴ്സ്യൽ ബാങ്കിലുണ്ട്. 2016 മുതൽ 2019 വരെ ആ അക്കൗണ്ടിലേക്ക് പണം എത്തി. ആ അക്കൗണ്ട് ഇപ്പോൾ ക്ലോസ്ഡ് ആണ്. അത് അന്വേഷണ ഏജൻസികൾക്ക് മാത്രമേ വിവരം ലഭിക്കൂ. അതിന്റെ പരാതി അംഗീകൃത ഏജൻസികൾക്ക് നൽകി. മുഖ്യമന്ത്രിയും മകളും ഇത് നിഷേധിച്ചിട്ടില്ല. വേറെ കുറേ ആളുകളെ വിട്ട് ന്യായീകരിച്ചു. ചാനലുകളെ വിലക്കെടുത്തും ന്യായീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വീണ എക്സാലോജിക് കമ്പനി തുടങ്ങിയത് 86 ലക്ഷം രൂപ മുടക്കുമുതലുമായാണ്. മുഖ്യമന്ത്രിയുടെ ഭാര്യ യുപി സ്കൂൾ അധ്യാപികയായിരുന്നു. അവര്‍ക്ക് ഇത്രയും തുക പെൻഷൻ പണം കിട്ടിയോ? മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ എഴുതിവെക്കേണ്ട സ്ഥിതിയാണ്. പ്രൈസ് വാട്ടര്‍ കൂപ്പേര്‍സ് കമ്പനി കരാറിൻ്റെ കാലത്ത് തന്നെയാണ് അബുദാബിയിലെ കൊമേഴ്സ് ബാങ്കിൽ വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. 50000 കോടി രൂപയുടെ കരിമണൽ കടത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും ഇതൊക്കെ സത്യമാണെന്ന് പാട്ടിക്കുള്ളിൽ ഒറു വിഭാഗം കരുതുന്നുവെന്നും ഷോൺ ജോര്‍ജ്ജ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണനെയും കെകെ ശൈലജയെയും സ്ഥാനാര്‍ത്ഥിയാക്കിയത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാതിരിക്കാനാണ്. അവരെ ഒഴിവാക്കാനായിരുന്നു ഇത്. എംഎ ബേബി അടക്കം സിപിഎമ്മിൻ്റെ തലമുതിര്‍ന്ന നേതാക്കൾ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.