തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയിൽ എത്തേണ്ടതെന്നും അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു. വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്.