Kerala

ദുരന്തത്തെ സങ്കുചിത താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരം; കേന്ദ്രവനം മന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന് കാരണം ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവുമാണെന്ന കേന്ദ്രവനം മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ദുരന്തത്തെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ ഇത്തരം നടപടികളുമായി രംഗത്തെത്തുന്നത് അപലപനീയമാണ്. ഒരു ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്രമന്ത്രി അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാണിവിടത്തെ അനധികൃത കുടിയേറ്റക്കാര്‍? ഈ ദുരന്തത്തില്‍ മണ്ണടിഞ്ഞ എസ്റ്റേറ്റിലെതൊഴിലാളികളോ? അതോ, തങ്ങളുടെ ചെറിയ തുണ്ടു ഭൂമിയില്‍ ജീവിച്ച സാധാരണ മനുഷ്യരോ? കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവര്‍ക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും നല്‍കാന്‍ ശാസ്ത്രജ്ഞരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ വഴിയാണ് കേരള സര്‍ക്കാരിനെതിരെ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ളവരെ അണിനിരത്താനുള്ള ഈ ശ്രമം എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കൂടെ കൂട്ടിവായിക്കുമ്പോള്‍ ഈ മാധ്യമ വാര്‍ത്തകള്‍ ശരിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ആരെ ദ്രോഹിക്കാനാണ് ഈ പെയിഡ് ലേഖന പരിപാടി ആസൂത്രണം ചെയ്യുന്നത് എന്ന് അവര്‍ തന്നെ ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top