വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ പോകാനോ പഠനം നടത്താനോ പാടില്ലെന്ന് ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും നിർദേശിച്ച സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ നടപടിയിൽ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു നിലപാട് സർക്കാരിനില്ലെന്ന് വ്യക്തമാക്കി നിർദേശം പിൻവലിക്കാൻ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല കൂടി വഹിക്കുന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തിനെതിരെ വാർത്താക്കുറിപ്പ് ഇറക്കിയാണ് മുഖ്യമന്ത്രി പ്രതികരണം പരസ്യമാക്കിയത്.
മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് ഇങ്ങനെ:
മേപ്പാടി പഞ്ചായത്ത് ദുരന്തമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദ്ദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല.അങ്ങനെ ദ്യോതിപ്പിക്കുംവിധം ആശയവീനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
ALSO READ: ദുരന്തത്തെപ്പറ്റി മിണ്ടിപ്പോകരുത് , ശാസ്ത്രജ്ഞർക്ക് റവന്യൂ സെക്രട്ടറിയുടെ ‘ഗാഗ് ഓർഡർ’ !!
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശാസ്ത്രജ്ഞർ അവിടേക്ക് ‘ഫീൽഡ് വിസിറ്റ്’ നടത്തരുത് എന്നായിരുന്നു ടിങ്കു ബിസ്വാളിൻ്റെ നിർദേശം. പഠനം നടത്താൻ മുൻകൂർ അനുമതി വാങ്ങണം. മാധ്യമങ്ങളോട് ഒരു വിവരവും പങ്കുവയ്ക്കരുത്. പഠന റിപ്പോട്ടുകളോ വിവരങ്ങളോ കൈമാറുകയും ചെയ്യരുതെന്നും രേഖാമൂലം ഇറക്കിയ നിർദേശത്തിൽ പറഞ്ഞിരുന്നു.