Kerala
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗൺമാന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ് സന്ദീപിനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാട്ടി ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ഇരുവരും ആലപ്പുഴ പൊലീസിനെ അറിയിച്ചു. അനില്‍ കുമാര്‍ ഇന്ന് മുഖ്യമന്ത്രിക്ക് ഒപ്പം നിയമസഭയിലുണ്ട്.
ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എസ് യു ജില്ലാ പ്രസിഡൻ്റ് എ ഡി തോമസ് എന്നിവരെ വളഞ്ഞിട്ട് തല്ലിയ കേസിലാണ് നടപടി. അനിൽ കുമാറിനും എസ് സന്ദീപിനും പുറമെ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.
ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറാവാതിരുന്ന സംഭവത്തിൽ പരാതിക്കാർ കോടതിയെ സമീപിച്ചതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് ഡിസംബർ 23 ന് എഫ്ഐആര്‍ ഇട്ടത്. കേസിൽ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.