Kerala
ഇന്ന് മന്ത്രിസഭായോഗം ചേരും; തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സില്‍ തീരുമാനം
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനത്തിനുളള ഓര്‍ഡിനന്‍സില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭായോഗം ചേരും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്ന പ്രതീക്ഷയില്‍, നിയസഭാ സമ്മേളനത്തിനുളള തീയതി ഇന്ന് തീരുമാനിക്കാനായിരുന്നു സര്‍ക്കാര്‍ ആലോചന. ഓര്‍ഡിനന്‍സ് നീണ്ടുപോയാല്‍ ബില്ല് കൊണ്ട് വരുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സാധാരണ ബുധനാഴ്ചകളില്‍ ചേരുന്ന പതിവ് മന്ത്രിസഭായോഗം ഇന്ന് ചേരാന്‍ തീരുമാനിച്ചതിന് പ്രത്യേക കാരണമുണ്ട്. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയ തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനത്തിനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതിനോടകം ഒപ്പുവെക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ നിയമസഭാ സമ്മേളനത്തിന് ശുപാര്‍ശ ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം. നിയമസഭാ സമ്മേളനം തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ല എന്നുളളത് കൊണ്ടാണ് സര്‍ക്കാര്‍ അത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സ് തിരിച്ചയച്ച ഗവര്‍ണറുടെ നടപടി സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.
ഒന്നുകില്‍ ഇന്നത്തെ മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യില്ല. ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി കാത്ത ശേഷമാകും സഭാസമ്മേളനത്തിന് തീരുമാനിക്കുക. പക്ഷേ, ഓര്‍ഡിനന്‍സിന്റെ നടപടി ക്രമങ്ങള്‍ വൈകാന്‍ സാധ്യതയുളളതിനാല്‍ അനന്തമായൊരു കാത്തിരിപ്പിന് സര്‍ക്കാര്‍ മുതിരാനും ഇടയില്ല. അങ്ങനെയെങ്കില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ശേഷം സഭാ സമ്മേളനത്തില്‍ തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം ബില്ലായി അവതരിപ്പിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. ജൂണ്‍ 10 മുതല്‍ സഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ ആലോചന.