തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 5.92 ലക്ഷം രൂപ മുടക്കി പുതിയ വാട്ടർ ടാങ്ക്. സർക്കാർ ടെൻഡർ ക്ഷണിച്ചു. വെള്ളത്തിന് ആവശ്യത്തിന് ശക്തിയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്. ഇപ്പോൾ മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും കൂടുതൽ അറ്റകുറ്റപ്പണി ക്ലിഫ് ഹൗസിലാണ്. കേരളം സാമ്പത്തിക ഞെരുക്കത്തിലാണെന്ന് പറയുന്ന അതേസമയം തന്നെയാണ് മന്ത്രിമന്ദിരത്തിന്റെ അറ്റകുറ്റപ്പണികളും വിപുലമായി നടത്തുന്നത്.
കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിർമിക്കുന്നതിന് ടെൻഡർ വിളിച്ചിരുന്നു. 3.72 ലക്ഷത്തിന്റെ ടെൻഡറാണ് വിളിച്ചത്. കഴിഞ്ഞ വർഷം ജനുവരി 16 ന് ആയിരുന്നു ടെൻഡർ. ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കാലിത്തൊഴുത്തു നിർമിക്കാൻ തീരുമാനിച്ചതു മുൻപ് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ചാണകക്കുഴി നിർമാണത്തിനുള്ള ടെൻഡർ നടപടി.
ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൊഴുത്തിലേയ്ക്ക് കഴിഞ്ഞ മാസമായിരുന്നു പശുക്കളെ പ്രവേശിപ്പിച്ചത്. തൊഴുത്തിന്റെ നിർമ്മാണം പൂർത്തിയായത്തോടെയാണ് ആറ് പശുക്കളെ പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. രണ്ട് മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് തൊഴുത്ത് നിർമ്മാണം പൂർത്തിയാക്കിയത്.