Kerala
ഓട്ടോ സ്റ്റേറ്റ് പെർമിറ്റിനെ എതിർത്ത് സിഐടിയു; അപകട സാധ്യതയും സംഘർഷ സാധ്യതയും ചൂണ്ടിക്കാണിച്ച് പരാതി
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സിഐടിയു രംഗത്ത്. ഓട്ടോയ്ക്ക് സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്നും അത് അപകടങ്ങൾക്ക് വഴിവെക്കുമെന്നും ഗതാഗതമന്ത്രിക്ക് നൽകിയ കത്തിൽ സിഐടിയു ചൂണ്ടിക്കാണിക്കുന്നു.
ജില്ലാ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെവരെ പോകാൻ മാത്രമാണ് ഓട്ടോയ്ക്ക് അനുമതിയുണ്ടായിരുന്നത്. ഇത് 30 ആക്കണമെന്നായിരുന്നു സിഐടിയുവിന്റെ ആവശ്യം. എന്നാൽ സ്റ്റേറ്റ് പെർമിറ്റ് നൽകിയാൽ അപകട സാധ്യത വർധിക്കുമെന്നും മറ്റ് തൊഴിലാളികളുമായി സംഘർഷങ്ങൾക്ക് വഴിതെളിക്കുമെന്നും സിഐടിയു ആരോപിക്കുന്നു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്.
ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് ലഭിക്കുന്നതോടെ ഇനി മുതല്‍ കേരളം മുഴുവൻ സർവീസ് നടത്താനാകും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏരിയാ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചായിരുന്നു പെർമിറ്റിലെ ഇളവ്.
പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. ‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്‍റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ ഈ തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുണ്ട്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.