പാലക്കാട്: ഗ്രാമീണ കാഴ്ചകളെ ഓർമ്മിപ്പിച്ച് ചിറ്റൂരിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാളപ്പൂട്ട് മത്സരം നടന്നു. ജനുവരി 20-ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായാണ് കാളപ്പൂട്ട് മത്സരം സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറിലധികം കാളക്കുട്ടന്മാരാണ് മത്സരത്തിൽ പങ്കെടുത്തത്.
നുകം കെട്ടിയിറക്കുന്ന കാളകൾ ചേറിൽ പായുമ്പോൾ പാലക്കാട്ടുകാർക്ക് ആവേശം കയറും. പിന്നെ ഇടതടവില്ലാതെ ആർപ്പുവിളികളും ആരവവും ഉയരും. കേരളത്തിൽ തന്നെ ഗ്രാമീണ ഭംഗിക്ക് പേരുകേട്ട പാലക്കാട് ചിറ്റൂരിൽ ഇത്തവണയും കാളപ്പൂട്ട് മത്സരം നടന്നു. എല്ലാ വർഷവും കാർഷികോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കാളപ്പൂട്ട് ഇത്തവണ അരങ്ങേറിയത് ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യചങ്ങലയുടെ ഭാഗമായാണ്.
പണ്ട് കാലത്ത് കൃഷി ഇറക്കുന്നതിന് മുന്നോടിയായി കൃഷിയിടം ഒരുക്കുന്നതിനാണ് കാളപ്പൂട്ട് നടത്തിയിരുന്നത്. എന്നാൽ സർക്കാർ നയങ്ങൾ കാരണം കൃഷിയിടങ്ങൾ ഇല്ലാതാകുന്ന കാലത്ത് കർഷകന്റെ നിലനിൽപ്പൊരുക്കാൻ ഇത്തരം പ്രതിഷേധങ്ങൾ വേണമെന്നാണ് കർഷകർ തന്നെ പറയുന്നത്.