Kerala
കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി പോലീസ് സ്റ്റേഷനിലേയ്ക്ക് യുവാവെത്തി; സ്റ്റേഷൻ മുറ്റത്ത് അസഭ്യം പറഞ്ഞ് എഎസ്ഐ; സംഭവം ചിങ്ങവനത്ത്
കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി പോലീസ് സ്റ്റേഷനിലേയ്ക്ക് യുവാവെത്തി; സ്റ്റേഷൻ മുറ്റത്ത് അസഭ്യം പറഞ്ഞ് എ.എസ്.ഐ.
കോട്ടയം: കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി പോലീസ് സ്റ്റേഷനു മുന്നിലെത്തിയ പരാതിക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞു. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മനോജിനെതിരെയാണ് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ കുറിച്ചി സ്വദേശി വികാസിനെയാണ് പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനു മുന്നിൽ വച്ച് പരസ്യമായി അസഭ്യം പറഞ്ഞത്. മൂന്നുവർഷം മുമ്പ് വികാസ് തന്റെ വാഹനം പണയം വെച്ച് അയൽവാസിയ്ക്ക് നാലരലക്ഷത്തോളം രൂപ നൽകിയിരുന്നു.
ഈ പണം തിരികെ ആവശ്യപ്പെട്ടിട്ടും ഇവർ നൽകാൻ തയ്യാറായില്ല. ഇതേ തുടർന്ന് വികാസ് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മൂന്നുലക്ഷത്തോളം രൂപ അയൽവാസികൾ വികാസിന് തിരികെ നൽകി. ബാക്കി പണം തിരികെ ലഭിക്കാത്തതിനെക്കുറിച്ച് വികാസ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പണം ബാക്കി കിട്ടാനുള്ളതിനെക്കുറിച്ച് പി.ആർ.ഒ. ആയ എ.എസ്.ഐ. മനോജിനോട് പരാതിയും പറഞ്ഞു. ഇതിനിടെയാണ് മനോജ് വികാസിനെ അസഭ്യം പറഞ്ഞത്. ഈ വീഡിയോയാണ് പുറത്തായത്. പരാതിക്കാരോട് അടക്കം മാന്യമായി പെരുമാറണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ നിലനിൽക്കുന്നതിനിടയാണ് പോലീസ് സ്റ്റേഷനു മുന്നിൽ വെച്ച് തന്നെ എ.എസ്.ഐ. പരാതിക്കാരനെ അസഭ്യം പറഞ്ഞത്.