മനുഷ്യൻ്റെ കരളലയിപ്പിക്കുന്ന മുണ്ടക്കൈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഡയറിക്കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?’ എന്നവസാനിക്കുന്ന കുറിപ്പാണ് ചർച്ചയാകുന്നത്. കണ്ണൂര്‍ മുയ്യം എയുപി സ്‌കൂളിലെ വിദ്യാര്‍ഥിനി അദിതിയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. സ്കൂളിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ടാഗ് ചെയ്ത് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ഇന്ന് സ്‌കൂള്‍ ലീവായിരുന്നു. ഉച്ചയ്ക്ക് അമ്മ ടിവി വെച്ചപ്പോളാണ് ഞാന്‍ വാര്‍ത്ത കണ്ടത്. വയനാട്ടിലെ മേപ്പാടി എന്ന സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആ നാട് മുഴുവന്‍ വെള്ളത്തിനടിയിലായി. ഒരുപാട് ആളുകള്‍ മരിച്ചു. കുറേപേരെ കാണാതായി. കുറേ വീടുകള്‍ പൊട്ടിപ്പോയി. ടിവിയില്‍ ആളുകള്‍ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?” എന്നാണ് അദിതി ഡയറിയിൽ കുറിച്ചിരിക്കുന്നത്.
കുറിപ്പിനൊപ്പം ദുരന്തത്തിനെ അടയാളപ്പെടുത്തുന്ന ഒരു ചിത്രവും അദിതി വരച്ചിട്ടുണ്ട്. ഉരുള്‍പൊട്ടി കല്ലും മരവും ഇടിഞ്ഞു വീഴുന്നതും വീടു തകരുന്നതും മണ്ണിനടിയില്‍ കിടക്കുന്ന മനുഷ്യരെയുമെല്ലാം ഉൾപ്പെടുന്നതാണ് ചിത്രം. സ്കൂളിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇത് ഷെയർ ചെയ്തിട്ടുണ്ട്.
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ചെവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 270 ആയി. ഇരുന്നൂറിലേറെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് മൂന്നാം ദിവസവും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പഞ്ചായത്തിൻ്റെ കണക്കുകൾ പ്രകാരം നാന്നൂറോളം വീടുകൾ ഉണ്ടായിരുന്ന മുണ്ടക്കൈയിൽ മുപ്പതിൽ താഴെ വീടുകൾ മാത്രമാണ് ബാക്കിയുള്ളത്.