ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലേക്ക് മറ്റൊരു ചെസ് കിരീടം കൂടി. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി.
8.5 പോയന്റോടെ ഹംപിയുടെ കിരീടനേട്ടം. 2019-ല്‍ മോസ്‌കോയില്‍ കിരീടം നേടിയ ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. ചൈനയുടെ യു വെന്‍യുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന താരമെന്ന നേട്ടവും ഹംപിക്ക് സ്വന്തമായി.
കരിയറില്‍ ഉടനീളം റാപ്പിഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഹംപി. 2012-ല്‍ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഉസ്‌ബെക്കിസ്താനിലെ സമര്‍കണ്ടില്‍ വെള്ളിയും നേടിയിട്ടുണ്ട്.