ബംഗളൂരു: കെമിക്കൽ ഫാക്ടറിയിൽ വിഷവാതകം ചോർന്നു. അപകടത്തിൽ രണ്ടു പേർ മരിച്ചു. ബിദർ വദ്ദനകരെ സ്വദേശി മുഹമ്മദ് ഷബാദ് (21), മധ്യപ്രദേശ് സ്വദേശി ഇന്ദ്രജിത്ത് (23) എന്നിവരാണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ട എട്ട് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസന്ന പ്രീ- പ്രൊസസിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാക്ടറിയിൽ വിഷവാതക ചോർച്ചയുണ്ടായത്. ബിദറിലെ ഹുംനാബാദിൽ ആണ് സംഭവം.
അപകടം നടക്കുമ്പോൾ മുഹമ്മദ് ഷബാദും ഇന്ദ്രജിത്തും അടക്കമുള്ള തൊഴിലാളികൾ ഫാക്ടറിക്കകത്ത് ജോലി ചെയ്യുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട എട്ടു തൊഴിലാളികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതതായി ഡോക്ടർമാർ അറിയിച്ചു. ബിദർ ഡെപ്യൂട്ടി കമീഷണർ ഗോവിന്ദ റെഡ്ഡി സംഭവസ്ഥലം സന്ദർശിച്ചു.
എന്നാൽ, വിഷവാതക ചോർച്ച സംബന്ധിച്ച് പ്രദേശവാസികൾ പരിഭ്രാന്തരാവേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു. ബിദർ എസ്.പി എസ്.എൽ. ചന്നബവസണ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫാക്ടറിയിലെത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിയുടെ പ്രവർത്തനം തൽക്കാലം നിർത്തിവെപ്പിച്ചു. സംഭവത്തിൽ ഹുംനാബാദ് ടൗൺ പൊലീസ് കേസെടുത്തു.