India
ക്ലാസ്സിൽ കയറാതെ മൂന്ന് കുട്ടികൾ ശുചിമുറിയിലേയ്ക്ക് പോയി; ചോദ്യം ചെയ്യലിനെ തുടർന്ന് ആറാം ക്ലാസ്സുകാരി ജീവനൊടുക്കി; ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ
ഛത്തീസ്ഗഡ്: അംബികപുരിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ. അംബികപുർ കാർമൽ സ്കൂളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘടനകൾ സംഭവം ഏറ്റെടുത്ത് പ്രതിഷേധം തുടങ്ങിയതോടെ സ്കൂൾ അടച്ച് പൂട്ടി.
അംബികപുർ കാർമൽ സ്കൂളിൽ 11 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് മലയാളിയായ മേഴ്സിയെന്ന കന്യാസ്ത്രീയാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. 10 വർഷമോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. കന്യാസ്ത്രീയെയും പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ സ്കൂളിനു മുന്നിൽ കനത്ത പ്രതിഷേധം നടന്നിരുന്നു.
എന്നാൽ, കന്യാസ്ത്രീക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് അംബികാപൂർ രൂപത വിദ്യാഭ്യാസ ഡയറക്ടർ ഫാ. ലൂസിയൻ കുഴൂർ പറഞ്ഞു. മരണത്തിൽ സിസ്റ്ററിന് യാതൊരു പങ്കുമില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച ക്ലാസിൽ കയറാതെ നാലുകുട്ടികൾ ടോയ്ലറ്റിൽ കയറിയതായി മറ്റൊരു വിദ്യാർഥിനി സിസ്റ്റർ മേഴ്സിയെ അറിയിച്ചു. തുടർന്ന് സിസ്റ്റർ ടോയ്ലറ്റിനു പുറത്ത് കാത്തുനിൽക്കുകയും ഇവർ ഇറങ്ങിവന്നപ്പോൾ ചോദ്യം ചെയ്യുകയും ചെയ്തു. ഐഡി കാർഡ് വാങ്ങിയ സിസ്റ്റർ അവരോട് അടുത്തദിവസം രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കുട്ടികളിലൊരാൾ വീട്ടിലെത്തി ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ജീവനൊടുക്കുകയായിരുന്നു.
കന്യാസ്ത്രീയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച അംബികപുർ ജില്ലാ കോടതി പരിഗണിക്കും.