തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സമാന്തരനീക്കം ശക്തമാക്കി ചാണ്ടി ഉമ്മൻ. ഔട്ട് റീച്ച് സെല്ലിന്‍റെ അധ്യക്ഷ പദവിയില്‍നിന്ന് നീക്കിയതാണ് നേതൃത്വത്തിനെതിരെ നീങ്ങാന്‍ കാരണം. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയില്‍ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പരോക്ഷ വിമര്‍ശനവും ഉയര്‍ന്നു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പില്‍ നിന്ന് ഭിന്നിച്ചുനിന്നാണ് ചാണ്ടി ഉമ്മന്‍ പക്ഷം വോട്ടുചെയ്തത്. എന്നിട്ടും രാഹുല്‍ മാങ്കൂട്ടം പ്രസിഡന്‍റായി. ചാണ്ടി ഉമ്മനും സംഘവും സംഘടനാപരമായി ശത്രുപക്ഷത്താവുകയും ചെയ്തു. ഔട്ട് റീച്ച് സെല്ലിന്‍റെ അധ്യക്ഷ പദവിയായിരുന്നു സംഘടനാ പ്രവര്‍ത്തനത്തിനുള്ള പിടിവള്ളി. എന്നാല്‍, കഴിഞ്ഞ ദിവസം ദേശീയ നേതൃത്വം പദവിയില്‍ നിന്ന് ചാണ്ടിയെ നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാണ് ഇതിനായി ചരട് വലിച്ചതെന്നാണ് ചാണ്ടി പക്ഷം വ്യക്തമാക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ ദിനം മുതല്‍ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍റെ പേരിലായി സമാന്തര പ്രവര്‍ത്തനം ഷാഫി പറമ്പില്‍ എംപിയെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും ലക്ഷ്യംവച്ച് ചാണ്ടി പക്ഷക്കാരനായ ജെഎസ് അഖില്‍ നടത്തിയ പ്രസംഗവും ഇതിനിടെ ചര്‍ച്ചയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പുതുപ്പള്ളി ഭാഗങ്ങളില്‍ ഉയര്‍ത്തിയ ചില പോസ്റ്ററുകള്‍ ചാണ്ടി പക്ഷം നീക്കിയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്തുടര്‍ച്ചയുടെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളും അതൃപ്തിയിലാണ്.മുഖ്യമന്ത്രി പിണറായി വിജയനെ ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് രണ്ടാംതവണയും ക്ഷണിച്ചതും വേദിയില്‍ വച്ച് പ്രശംസിച്ചതും പാര്‍ട്ടിയില്‍ വലിയ മുറുമുറുപ്പ് ഉണ്ടാക്കിയതിന് പിന്നാലെയാണ് പോര് പ്രഖ്യാപിച്ചുള്ള ചാണ്ടി ഉമ്മന്‍റെ പുതിയ നീക്കം.