Kerala

പിണറായിയെ പാടിപുകഴ്ത്തിയ ചാണ്ടി ഉമ്മനെതിരെ പാർട്ടിക്കുള്ളിൽ അമർഷം; പീഡനക്കേസിൽ കുടുക്കിയത് മറക്കരുതെന്ന് കോൺഗ്രസുകാർ

Posted on

മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ ലീഡർഷിപ്പ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യിപ്പിച്ചതിൽ ചാണ്ടി ഉമ്മനെതിരെ കോൺഗ്രസിനുള്ളിൽ അമർഷവും പരാതി പ്രളയവും. പല നേതാക്കളും പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡൻ്റിനേയും നേരിട്ട് വിളിച്ച് പരാതി പറഞ്ഞുവെന്നാണ് അറിയുന്നത്.

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ രൂപികരിച്ച് ഏകപക്ഷീയമായി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ചാണ്ടി ഉമ്മൻ്റെ ശൈലിയിൽ നേതാക്കൾക്ക് അതൃപ്തിയുണ്ട്. പുതുപ്പള്ളിയിലെ അനുസ്മരണ സമ്മേളനത്തിൽ ഗവർണറെ ക്ഷണിച്ചതിലും തിരുവനന്തപുരത്തെ സമ്മിറ്റിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതിലും ഉമ്മൻ ചാണ്ടിയുടെ സഹപ്രവർത്തകരായ എ-ഗ്രൂപ്പുകാർക്ക് കടുത്ത അമർഷമുണ്ട്. പഴയ കാല എ-ഗ്രൂപ്പ് നേതാക്കളിൽ ഒരാളെപ്പോലും പുതുപ്പള്ളിയിലെ യോഗത്തിൽ പ്രസംഗിക്കാനോ, വേദിയിൽ ഇരുത്താനോ ചാണ്ടി ഉമ്മൻ തയ്യാറായില്ല. ഉമ്മൻ ചാണ്ടിയുടെ അടുത്ത വിശ്വസ്തരെന്ന് അറിയപ്പെട്ടിരുന്ന കെസി ജോസഫ്, ബെന്നി ബഹനാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളെ വേദിയുടെ ഏഴയലത്തുപോലും അടുപ്പിച്ചില്ല. സീനിയര്‍ ലീഡേഴ്‌സ് ഫോറം എന്ന പേരില്‍ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് കോട്ടയത്ത് പ്രത്യേകം ഉമ്മന്‍ചാണ്ടി അനുസ്മരണം പ്രഖ്യാപിച്ചതും ഇതില്‍ പ്രതിഷേധിച്ചാണെന്നാണ് വിവരം.

ഇതേ സ്ഥിതിയായിരുന്നു തിരുവനന്തപുരത്തെ പരിപാടിയിലും. കെപിസിസി പ്രസിഡൻ്റ് തിരുവനന്തപുരത്ത് ഉണ്ടായിട്ടുപോലും അദ്ദേഹത്തെ അവിടേക്ക് ക്ഷണിച്ചില്ല. ചാണ്ടി ഉമ്മൻ്റ ഒറ്റയാൻ പോക്കിനോട് കോട്ടയം ജില്ല കോൺഗ്രസ് കമ്മറ്റിക്കും കെപിസിസിക്കും കടുത്ത വിയോജിപ്പുണ്ട്. പാർട്ടിയെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി നടത്തുന്ന പല ഇടപാടുകളിലും നേതാക്കൾ ചാണ്ടി ഉമ്മനെ നേരിട്ട് വിളിച്ച് എതിർപ്പ് അറിയിച്ചതായാണ് വിവരം.

ഉമ്മൻ ചാണ്ടി അസുഖ ബാധിതനായിരുന്ന കാലത്ത് പോലും സോളാർ പരാതിക്കാരിയിൽ നിന്ന് നേരിട്ട് ലൈംഗിക പീഡന പരാതി എഴുതിവാങ്ങി സിബിഐക്ക് വിട്ട മുഖ്യമന്ത്രിയെ വിളിച്ച് ആദരിക്കുകയും പുകഴ്ത്തുകയും ചെയ്ത ചാണ്ടി ഉമ്മൻ്റെ നീക്കത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് കെപിസിസിയുടെ മുതിർന്ന നേതാവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പൽ വന്ന ദിവസം നടന്ന പൊതുപരിപാടിയിൽ പദ്ധതിക്ക് തുടക്കം കുറിച്ച ഉമ്മൻ ചാണ്ടിയുടെ പേര് പറയാതെ നന്ദികേട് കാണിച്ചത് എങ്കിലും ചാണ്ടി ഉമ്മൻ ഓർക്കണമായിരുന്നു എന്ന് യൂത്ത് കോൺഗ്രസ് നേതാവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version