അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ട 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ആണ് ഈ ദാരുണ സംഭവം ഉണ്ടായത്. അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
ഇക്കാര്യം തിങ്കളാഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത്. ഗ്രാമത്തിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു കുട്ടികളുടെ മാതാപിതാക്കൾ എല്ലാവരും. രാവിലെ 7.30ഓടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ തങ്ങളുടെ ഏഴ് കുട്ടികൾ അവരുടെ താമസ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ കുട്ടികളിൽ നാല് പേർ ഫാം ഉടമയുടെ കാറിൽ കയറി. വീടിന് സമീപത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു ഈ കാർ.