വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് അറിയിച്ചത്.
വിദേശ വിദ്യാർത്ഥികളുടെ എണ്ണം അടുത്ത വർഷം 10 ശതമാനം വീണ്ടും കുറയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി.
കുടിയേറ്റം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് സഹായകരമാണെങ്കിലും, ഇത് മുതലെടുക്കുന്നവർ ധാരാളമാണ്. ഇത് വലിയ തിരിച്ചടി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് കടക്കേണ്ടി വന്നതെന്നും ജസ്റ്റിൻ ട്രൂഡോ വിശദീകരിച്ചിട്ടുണ്ട്. കാനഡയുടെ പുതിയ തീരുമാനം ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ്.