India
കാനഡയിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അമ്മയ്ക്ക് വീഡിയോ കോൾ; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
കാനഡ: കാനഡയിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഒരാഴ്ച മുൻപ് ഇന്ത്യയിൽ നിന്നും കാനഡയിൽ എത്തിയ ജഗപ്രീത് സിംഗ് ആണ് ഭാര്യ ബൽവീന്ദർ കൗറിനെ കൊലപ്പെടുത്തിയത്. ബൽവീന്ദറിനെ കുത്തിക്കൊന്ന ശേഷം ജഗ്പ്രീത് സിംഗ് വീഡിയോ കോൾ ചെയ്ത് അമ്മയെ ഭാര്യയുടെ മൃതദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു. ‘അവളെ ഞാൻ എന്നന്നേക്കുമായി ഉറക്കി’ എന്നാണ് ജഗ്പ്രീത് സിംഗ് അമ്മയോട് പറഞ്ഞത്.
വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. നിരവധി മുറിവുകളാണ് ബൽവീന്ദർ കൗറിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൽവീന്ദർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ 50 വയസ്സുകാരൻ ജഗ്പ്രീത് സിംഗിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 24 വർഷമായി. ഇരുവർക്കും 18ഉം, 22 ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്.
ലുധിയാനയിലെ പഖോവൽ കാഞ്ചൻ കോളനിയിലാണ് ജഗ്പ്രീത് സിംഗ് താമസിച്ചു കൊണ്ടിരുന്നത്. ഒരാഴ്ച്ച മുൻപാണ് ജഗ്പ്രീത് സിംഗ് കാനഡയിൽ എത്തിയത്. അവിശ്വാസത്തിൻ്റെയും സാമ്പത്തിക പ്രശ്നങ്ങളുടെയും പേരിൽ ഇരുവരും വഴക്കിടുക പതിവായിരുന്നെന്നും കുറച്ച് നാൾ മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നെന്നും ബൽവീന്ദർ കൗറിൻ്റെ സഹോദരി രാജവിന്ദർ കൗർ പറഞ്ഞു.
2022 കാനഡയിൽ എത്തിയ ബൽവീന്ദർ കൗറിനോട് തന്നെയും കൊണ്ടു പോകാൻ ജഗ്പ്രീത് സിംഗ് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു. ബൽവീന്ദർ മാസം പണം അയച്ചുകൊടുത്തിരുന്നതിനാൽ അടുത്തിടെ ജഗ്പ്രീത് ജോലിയും ഉപേക്ഷിച്ചിരുന്നു. പിന്നീട് ഉണ്ടായ സാമ്പത്തിക വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സഹോദരി പറയുന്നത്.