Kerala

‘ക്യാംപസുകളില്‍ പുറത്തു നിന്നുള്ള കലാപരിപാടി തല്‍ക്കാലം വേണ്ട’; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

Posted on

കൊച്ചി: കോളജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡിജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംഘടന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് എം സിയാദ് റഹ്മാന്‍റെ ഉത്തരവ്.

സര്‍ക്കാര്‍ ഉത്തരവിലെ ക്ലോസ് 3 (12) ലാണ് ഇത് സംബന്ധിച്ച് പറയുന്നത്. വിജ്ഞാപനത്തില്‍ പറയുന്ന പ്രകാരം അനുമതി നല്‍കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി പരിപാടികള്‍ സംഘടിപ്പിക്കാനും ഷെഡ്യൂള്‍ ചെയ്യാനും ഫണ്ട് നല്‍കാനും അനുവദിക്കുന്ന വ്യവസ്ഥയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കോളജിന്റെ സുരക്ഷയെയും അച്ചടക്കത്തെയും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

കുട്ടികളടക്കം വലിയ ജനക്കൂട്ടത്തെ താങ്ങാൻ സൗകര്യമില്ലാത്തതാണ് കോളജുകളിലെ ഓഡിറ്റോറിയങ്ങൾ. വലിയ ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരല്ല പ്രിൻസിപ്പലും അധ്യാപകരും. എന്നാൽ ഇത്തരം പരിപാടികൾ നടക്കുമ്പോൾ ഉത്തരവാദിത്വം മുഴുവൻ പ്രിൻസിപ്പലിനും അധ്യാപകർക്കുമാണ്. 2015-ൽ പുറത്തു നിന്നുള്ള പരിപാടികൾ വിലക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ വർഷം ഡി.ജെ. അടക്കമുള്ള സംഗീതപരിപാടികൾക്ക് അനുമതി നൽകുകയായിരുന്നു.

അതേസമയം ഉത്തരവ് ഇത്തരം പരിപാടികൾ നടത്താൻ അനുമതി നൽകാനുള്ള സ്ഥാപന മേധാവിയുടെ വിവേചനാധികാരത്തെ വിലക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ അനുമതി നൽകിയാൽ സർക്കാർ ഉത്തരവിൽ പറയും പോലെ പൊലീസ് അടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version