Kerala

കോഴിക്കോട് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവം; എട്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്

Posted on

കോഴിക്കോട്: കോഴിക്കോട് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. താമരശേരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷുഹൈബിനെ സീനിയർ വിദ്യാർത്ഥികൾ കൂടി മർദിക്കുകയായിരുന്നു.

അന്യായമായി സംഘം ചേരൽ, കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.

മർദ്ദനമേറ്റ ഷുഹൈബിന്‍റെയും രക്ഷിതാക്കളുടെയും വിശദ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ടാലറിയാവുന്ന നാല് പേരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾക്ക് പ്രായപൂർത്തിയാവാത്തതിനാൽ സമഗ്ര റിപ്പോർട്ട് പൊലീസ്, പ്രിൻസിപ്പൽ ജുവനൈൽ മജിസ്ട്രേറ്റിന് സമർപ്പിക്കും. വെള്ളിയാഴ്ച സ്കൂൾ വിട്ട് പുറത്തിറങ്ങിയ ഉടനെയാണ് ഷുഹൈബിന് മർദ്ദനമേറ്റത്. ഒരുമാസം മുമ്പ് നടന്ന റാഗിംഗിനെക്കുറിച്ച് പരാതിപ്പെട്ടതിലുള്ള വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം. ആക്രമണത്തില്‍ ഷുഹൈബിന്‍റെ തോളെന്നിന് പൊട്ടലുണ്ട്.

ഒരു മാസം മുമ്പ് ഷര്‍ട്ടിന്‍റെ ബട്ടന്‍ ഇട്ടില്ലെന്ന പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഷുഹൈബ് ഉള്‍പ്പെടെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിരുന്നു. ആക്രമണം നടത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികളെ പിന്നീട് സസ്പെന്‍ഡ് ചെയ്തു. അധ്യാപക രക്ഷാകര്‍തൃ സമിതി യോഗം ചേര്‍ന്ന് പ്രശ്ന പരിഹാരത്തിന് ധാരണയുമായി. എന്നാല്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയാണ് വീണ്ടും ആക്രണണം നടത്തിയത്. നേരത്തെ സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ രണ്ട് പേര്‍ മാത്രമാണ് ഇന്നലത്തെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ വിശദീകരണം. ഇവരടക്കം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാകരുമെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version