കോഴിക്കോട്: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. മൈസൂർ സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയത്. കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് അനേഷണം ആരംഭിച്ചതായി പന്തീരാങ്കാവ് പോലീസ് അറിയിച്ചു.

ബംഗളൂരുവിൽ എഞ്ചിനീയറായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അക്ഷയ്ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത്. മാട്രിമോണിയൽ സെറ്റ് വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടർന്ന് അക്ഷയ് വിവാഹാഭ്യർഥന നടത്തി. തുടര്‍ന്ന് ഇയാളുടെ നിർബന്ധപ്രകാരം ഇരുവരും ഒരുമിച്ച് കോഴിക്കോട്ടെ ഫ്ലാറ്റിൽ താമസം തുടങ്ങി. ഇവിടെ വച്ച് യുവതിയെ നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. 19 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തുവെന്നും പണം തിരികെ ചോദിച്ചപ്പോൾ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

ലഹരി സ്ഥിരമായി ഉപയോഗിക്കുന്ന ഇയാൾ ബംഗളൂരുവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ടുവെന്നും സിഗരറ്റ് വച്ച് പൊളളിക്കുന്നതുൾപ്പടെ ശാരീരകമായി ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഗർഭം അലസിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഇയാൾ മറ്റൊരു വിവാഹം കഴിക്കുന്നതറിഞ്ഞ് നാട്ടിലെത്തിയ യുവതിയെ അക്ഷയുടെ ബന്ധുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. അക്ഷയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനായി പന്തീരാങ്കാവ് പൊലീസ് ഇയാൾ താമസിക്കുന്ന കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.

