Kerala

പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടർ

Posted on

കോഴിക്കോട്: പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടർ. യുവതി ചികിത്സ തേടിയ ഡോക്ടറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. യുവതി മർദ്ദനത്തിന് ഇരയായി. സ്കാനിങ് നടത്താൻ നിർദേശിച്ചെന്നും പറവൂർ താലൂക് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.

അതേസമയം കേസില്‍ ബന്ധുക്കളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. 27നാണ് കേസ് വീണ്ടും പരിഗണിക്കുക. പൊലീസ് റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതാണ് കോടതി മാറ്റിവെച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികൾക്കെതിരെ 448 എ, 324 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

കോടതി ഹർജി പരിഗണിക്കുന്നുണ്ടെങ്കിലും പ്രതികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഉടൻ ചോദ്യം ചെയ്യാൻ പൊലീസ് നിക്കം ആരംഭിച്ചതിന്റെ ഭാഗമായി രണ്ട് തവണ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റായതോടെ ഇവർ അന്വേഷണ സംഘത്തിന്റെ മുന്നിൽ എത്തിയിരുന്നില്ല.

അതേസമയം, രാഹുലിന്റെ കാറിൽ നിന്നും കണ്ടെത്തിയ രക്തക്കറ പരിശോധനയിൽ ഭാര്യയുടേതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് കേസിൽ പ്രധാന തെളിവായി മാറും. ബന്ധുക്കളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ രാഹുലിനെ തിരികെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമർപ്പിക്കും. രാഹുലിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് തുടർ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാര ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version