ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധം. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത്‌നീക്കി. ഫ്രറ്റേണിറ്റി, എസ്‌ഐഒ, എഐഎസ്എ, എംഎസ്എഫ് തുടങ്ങി വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധപരിപാടി തുടങ്ങുംമുമ്പേതന്നെ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലാസിലേക്ക് നടന്നുപോയവരേയും കസ്റ്റഡിയിലെടുത്തെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സര്‍വകലാശാല ക്യാമ്പസിനകത്തുകയറിയാണ് പൊലീസ് നടപടി.
50-ഓളം വിദ്യാര്‍ഥികളെ ക്യാമ്പസിനകത്ത് കയറി ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ ക്യാമ്പസിന് പുറത്തുനിന്ന് എംഎസ്എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ക്യാമ്പസിനകത്ത് പ്രവേശനമില്ലാത്ത, 15-ഓളം പൊലീസുകാര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിയെ വലിച്ചിഴച്ചുകൊണ്ടുപോയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.