India

പൗരത്വ ഭേദഗതി നിയമം മാര്‍ച്ച് ആദ്യവാരം മുതല്‍ നടപ്പാക്കും

Posted on

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യവാരം ചട്ടം രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാര്‍ക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക.

പൗരത്വ പട്ടിക രജിസ്ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍ വന്നുവെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒമ്പത് സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ അധികാരം നല്‍കിയിരുന്നു.

പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍ നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും, വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version