India
രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സിഎഎ നടപ്പാക്കി
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം. ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. 2019 ഡിസംബറില്‍ നിയമം പാസാക്കിയെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിനു ചട്ടങ്ങള്‍ രൂപീകരിച്ചത്. മൂന്ന് രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക. ഇതില്‍ നിന്ന് മുസ്‌ലിങ്ങളെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പൗരത്വം നല്‍കുമെന്ന് ബംഗാള്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉണ്ടായത്. അപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാതല സമിതിയും ഇത് പരിശോധിക്കാന്‍ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിര്‍ദേശം. പൗരത്വം നല്‍കുന്നത് സെന്‍സസ് ഡയറക്ടര്‍ ജനറല്‍ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്.