Kerala

ടെക്‌നോസിറ്റിയില്‍ കാട്ടുപോത്ത്; തിരുവനന്തപുരം നഗരത്തില്‍ വനം വകുപ്പിന്റെ പരിശോധന

മഴക്കെടുതി, വെള്ളക്കെട്ട്, മാലിന്യപ്രശ്‌നം, തെരുവ് നായ ശല്യം. തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ഓരോ ദിവസവും കടന്നു പോകുന്ന ദുരിതങ്ങളാണിവ. ഇതിലേക്ക് ഇപ്പോള്‍ വന്യമൃഗ ശല്യം കൂടിയെത്തിയിരിക്കുന്നതായാണ് ആശങ്ക ഉയരുന്നത്. തിരുവനന്തപുരത്തെ ഐടി നഗരമായ കഴക്കൂട്ടത്തിന് സമീപത്താണ് കാട്ടുപോത്ത് ഇറങ്ങിയിരിക്കുന്നത്. ടെക്‌നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണ് കാട്ടുപോത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ നാട്ടുകാരാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. പശുവാണെന്നാണ് കരുതിയതെങ്കിലും അടുത്ത് കണ്ടതോടെയാണ് കാട്ടുപോത്താണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത കണിയാപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. ഇവിടെ സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനവും ചുരുക്കം ചില കമ്പനികളുടെ ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഭൂരിഭാഗം പ്രദേശവും കാടുകയറിയ നിലയിലാണ്. ഇവിടെ കാട്ടുപന്നിയേയും ചെന്നായ്ക്കളും സ്ഥിരമായി കാണാറുണ്ട്. എന്നാല്‍ കാട്ടുപോത്തിന്റെ സാമീപ്യം ആദ്യമായാണ് കണ്ടെത്തുന്നത്. വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

വനം വകുപ്പിന്റെ പരിശോധനയില്‍ കാട്ടുപോത്തിന്റെ കുളമ്പിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെപ്രദേശത്ത് നിരോധനാഞ്ജ പുറപ്പെടുവിച്ചു. ആവശ്യമെങ്കില്‍ മയക്കുവെടിവച്ച് കാട്ടുപോത്തിന് പിടികൂടാനാണ് ശ്രമം. എന്നാല്‍ 400 ഏക്കറോളമുള്ള പ്രദേശത്ത് തിരച്ചില്‍ എങ്ങനെ നടത്തുമെന്ന ആലോചനയിലാണ് വനം വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ പാലോട് മേഖലകളില്‍ കാട്ടുപോത്ത് ജനവാസ മേഖലയില്‍ എത്തുന്നത് പതിവ് സംഭവമാണ്. എന്നാല്‍ പാലോട് നിന്നും ഇത്രയും അകലെ കാട്ടുപോത്ത് എങ്ങനെയെത്തി എന്നതില്‍ പരിശോധന നടക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top