Kerala
തോട്ടത്തിൽ നിൽക്കവേ കാട്ടുപോത്ത് കാട്ടിൽ നിന്ന് പാഞ്ഞെത്തി ഇടിച്ചു; തോട്ടം ഉടമയായ സ്ത്രീയ്ക്ക് പരിക്കേറ്റു
ഇടുക്കി : ഏലത്തോട്ടത്തിൽ തൊഴിലാളികൾക്കൊപ്പം നിൽക്കവെ തോട്ടം ഉടമയായ സ്ത്രീയ്ക്ക് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. കുമളിക്ക് സമീപം വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലിൽ നെടുംപറമ്പിൽ സ്റ്റെല്ല (65) യെയാണ് കാട്ടുപോത്ത് അക്രമിച്ചത്.
തോട്ടത്തിൽ തൊഴിലാളികൾക്കൊപ്പം നിൽക്കവേ കാട്ടിൽ നിന്നും പാഞ്ഞെത്തിയ കാട്ടുപോത്ത് സ്റ്റെല്ലയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലാളികളും നാട്ടുകാരും ചേർന്ന് സ്റ്റെല്ലയെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്നും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സ്റ്റെല്ലയ്ക്ക് നട്ടെല്ലിനും ദേഹമാസകലവും പരിക്കുണ്ട്.
പെരിയാർ കടുവാ സങ്കേതത്തിൽ നിന്നാണ് കാട്ടുപോത്ത് കൃഷിയിടത്തിൽ ഇറങ്ങിയത്. ഈ പ്രദേശങ്ങളിൽ നാളുകളായി ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, മ്ലാവ്, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം രൂക്ഷമാണ്. കാട്ടുപോത്തിന്റെ ആക്രമണം അറിഞ്ഞ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ വനപാലകർക്ക് നേരെയും നാട്ടുകാർ രോഷ പ്രകടനം നടത്തി. വന്യജീവി ആക്രമണം തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.