Kerala
മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണം; ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ
ഇടുക്കി: വന്യ ജീവി ആക്രമണം തുടരുന്നു. മറയൂരിലാണ് ഏറ്റവും ഒടുവിലായി കാട്ടുപോത്തിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തത്. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. ഇന്നലെ രാത്രിയാണ് സംഭവം.
മംഗളം പാറയിലെ കൃഷിയിടത്തില്‍ നനക്കുന്നതിനിടെയായിരുന്നു ആക്രമണം. വിജനമായ കൃഷിയിടമായതിനാല്‍ അക്രമം നടന്നത് അറിയാന്‍ വൈകുകയായിരുന്നു. അർധ രാത്രി ഈ വഴിയെത്തിയ ആദിവാസികളാണ് ഗുരുതര പരിക്കുകളോടെ അന്തോണിയെ കാണുന്നത്. ഉടന്‍ മറയൂര്‍ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കാലിന് ഒടിവും നടുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാട്ടുപോത്തുകള്‍ കൃഷിയിടങ്ങളിലിറങ്ങാതിരിക്കാൻ പ്രദേശത്ത് കൂടുതല്‍ വനപാലകരെ എത്തിച്ചു.